Jul 28, 2009

സ്ലൈഡ്‌ മൗണ്ടൻ, ന്യു യോർക്ക്‌

യാത്രാദിവസം : ജൂലായ്‌ 25&26, 2009
യാത്രാഗംങ്ങൾ : ഞാനും കൂടെ ഏട്ടനും
യാത്രാമേഘല (വഴി) : ന്യൂ യോർക്ക്‌ -> ക്യാറ്റ്സ്കിൽ സ്റ്റേറ്റ്‌ പാർക്ക്‌ -> സ്ലൈഡ്‌ മൗണ്ടൻ

4100 അടി ഉയരത്തിൽ


പതിവിൽ നിന്നും വിപരീതമായ്‌ ഈ യാത്ര തനിയെ അല്ലെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. സന്ദർശ്ശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഒരൽപ്പം അപകടം പിടിച്ചതായതിനാലും തനിയേ പോയാൽ സുരക്ഷിതമായ്‌ തിരിച്ചുവരാൻ കഴിയുമോ എന്നു സംശയമുണ്ടായിരുന്നതിനാലും യാത്രയിലുടനീളം കൂട്ടിനായ്‌ ആരെയെങ്കിലും കൂട്ടാമെന്നു കരുതി. കുട്ടിക്കാലം മുതൽ നല്ല ഒരു സഹയാത്രികനും കൂട്ടുകാരനുമൊക്കെയായ കൂടപ്പിറപ്പിനെയും കുട്ടി 2009 ജൂലായ്‌ 25 നു വൈകുന്നേരം 8 മണിയോടെ ഞങ്ങൾ ക്യാറ്റ്സ്കിൽ സ്റ്റേറ്റ്‌ പാർക്ക്‌ ലക്ഷ്യമാക്കി വണ്ടി പായിച്ചു. ന്യൂ യോർക്ക്‌ സ്റ്റേറ്റിലെ ഏറ്റവും വലിയ രണ്ടാമത്ത പർവ്വതവും സമുദ്ര നിരപ്പിൽ നിന്നും 4200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുമായ സ്ലൈഡ്‌ മൗണ്ടെൻ (Slide Mountain) കയറുക അധവാ ഒരു കൊച്ചു പർവ്വതാരോഹണം, അതായിരുന്നു മനസ്സിൽ. ന്യൂ യോർക്ക്‌ സിറ്റിക്ക്‌ വടക്കുപടിഞ്ഞാറായ്‌ 150 മൈൽ (220 കി.മി.) അകലെ ആയാണ്‌ ക്യാറ്റ്സ്കിൽ സ്റ്റേറ്റ്‌ പാർക്ക്‌ സ്ഥിതിചെയ്യുന്നത്‌. വന്യജീവി സങ്കേതവും സംരക്ഷിത വനങ്ങളും അഞ്ചോളം വ്യത്യസ്ത നദികളും പത്തു പർവ്വതങ്ങളും കൊച്ചു കുന്നുകളും അനേകം അരുവികളും എല്ലാം ഉള്ള അവിടത്തെ ജലസംഭരണികളിൽ നിന്നുമാണത്രെ ന്യൂ യോർക്ക്‌ സിറ്റിയിൽ ആവശ്യമായ കുടിവെള്ളം എത്തുന്നത്‌.

സ്ലൈഡ്‌ മൗണ്ടൻ (കടപ്പാട്‌ - വിക്കി പീഡിയ) മഴമേഘങ്ങൾ കാരണം ഇതു പോലൊരു ചിത്രം കിട്ടിയില്ല


അടുത്തിടെ വാങ്ങിച്ച പുതിയകാർ ഒരു ആക്സിഡന്റ്‌ പറ്റി കിടപ്പിലായതിനാൽ പഴയ 1998 മോഡൽ ടൊയോട്ട ക്യാംറി യിലായിരുന്നു യാത്ര. ഗതാഗതക്കുരുക്കിൽ പെട്ട്‌ ഇഴഞ്ഞും ഇന്റർ സ്റ്റേറ്റ്‌ ഹൈവേകളിലൂടെ കുതിച്ചും ഞങ്ങൾ സ്ലൈഡ്‌ പർവ്വതത്തിന്റെ താഴ്‌വാരം ലക്ഷ്യമാക്കി നീങ്ങി. വണ്ടിയുടെ അകത്ത്‌ ഘടിപ്പിച്ചിരുന്ന GPS നാവിഗേറ്റർ കൃത്യമായി വഴിയും മറ്റു അവശ്യ സന്ദേശങ്ങളും തന്നുകൊണ്ടേയിരുന്നു. യാത്രയിലുടനീളം മഴ ചാറ്റലായും പേമാരിയായും പെയ്യുന്നുണ്ടായിരുന്നു. പാതിരാവ്‌ കഴിഞ്ഞതോടെ ഉറക്കത്തിനായ്‌ പറ്റിയൊരു സ്ഥലമന്യേഷിച്ച്‌ ഞങ്ങൾ ഹൈവേയിൽ നിന്നും ചെറു റോഡിലേക്ക്‌ തിരിഞ്ഞു. കുറെ അലഞ്ഞതിനു ശേഷം ഒരു കുന്നിൻ പുറത്ത്‌ പണിത ഏതോ ഒരു പള്ളിയുടെ വഴിയരികിൽ വാഹനം പാർക്ക്‌ ചെയ്ത്‌ അതിനകത്തു തന്നെ ഉറങ്ങാൻ കിടന്നു.

പാർക്കിലേക്ക്‌ പോവുന്ന ഹൈവെ

അതിരാവിലെ അഞ്ചുമണിക്ക്‌ തന്നെ എഴുനേറ്റ്‌ വീണ്ടും യാത്ര തുടര്ർന്നു. അധികദൂരം പിന്നിടേണ്ടി വന്നില്ല ഞങ്ങളിതാ പാർക്കിനകത്തു പ്രവേശിച്ചിരിക്കുന്നു. പക്ഷേ ഇനിയും കുറച്ചുദൂരം കൂടി യാത്രചെയ്താൽ മാത്രമേ ഞങ്ങൾ കയറാൻ ഉദ്ദേശിച്ച പർവ്വതത്തിന്റെ ബേസ്‌ ക്യാമ്പിൽ എത്താൻ കഴിയുകയുള്ളു. അതിനു മുൻപായ്‌ നല്ലൊരു സ്ഥലം കണ്ടുപിടിച്ച്‌ പ്രഭാതകർമ്മങ്ങൾ ചെയ്ത്‌ ഭക്ഷണം കഴിക്കണം. ഭക്ഷണ വസ്തുക്കളും ആയുധങ്ങളും തുണിയും ഒക്കെ ആയ്‌ വളരെ തയ്യാറെടുപ്പോടെ ആയിരുന്നു പുറപ്പെട്ടത്‌. അതുകൊണ്ട്‌ ആദ്യം കാണുന്ന അരുവിയുടെയോ പുഴയുടെയോ അരുകിൽ തൽക്കാലം തങ്ങാം എന്നു തീരുമാനിച്ച്‌ പാർക്കിനകത്തുകൂടെ ശുദ്ധവായും ശ്വസിച്ച്‌ മനോഹരമായ ആ കാട്ടുപാതയിലൂടെ യാത്ര തൂടര്ർന്നു. മിക്കവാറും എല്ലാ കാട്ടുവഴികളും പുഴയുടെ തീരത്തുകൂടി ആണല്ലോ ഉള്ളത്‌. പ്രതീക്ഷ തെറ്റിയില്ല, തൊട്ടടുത്തു തന്നെ പുഴയൊഴുകുന്ന ശബ്ദം, വനത്തിനകത്തുകൂടെ അൽപം നടന്നതും അതാ ഒരു കൊച്ചു പുഴ. അവിടെ വച്ച്‌ പ്രഭാതകർമ്മങ്ങളെല്ലാം ചെയ്ത്‌ ആഹാരവും കഴിച്ച്‌ സ്ലൈഡ്‌ മൗണ്ടൻ ബേസ്‌ ക്യാമ്പ്‌ ലക്ഷ്യമാക്കി വണ്ടി പായിച്ചു. അൽപദൂരം മുന്ന്പോട്ടു പോയതും വഴിയുടെ വലതു ഭാഗത്തായ്‌ ഒരു ചെറിയ പാർക്കിംഗ്‌ ലോട്ട്‌ കണ്ടു. ഒന്നു രണ്ടു വണ്ടികളും ഉണ്ടവിടെ. ഇതുന്നെയാകാം ആ സ്ഥലമെന്ന് ഊഹിച്ച്‌ വാഹനം പാർക്ക്‌ ചെയ്ത്‌ നോട്ടീസ്‌ ബോർഡ്‌ വായിച്ചപ്പോൾ ആണ്‌ സംഗതി പിടികിട്ടിയത്‌. സ്ലൈഡ്‌ മൗണ്ടൻ ഉൾപ്പെടെയുള്ള ഒട്ടുമിക്ക പർവ്വതങ്ങളിലേക്കെല്ലാം ഉള്ള ട്രെയിൽ തുടങ്ങുന്നത്‌ ഇവിടെ വച്ചാണത്രെ. സമയം ഏതാണ്ട്‌ പത്തുമണി ആയിരിക്കുന്നു. അവശ്യസാധനങ്ങളെല്ലാം ഒരു ബാഗിലാക്കി ഞങ്ങൾ വനത്തിനകത്തു പ്രവേശിച്ചു.

പാർക്കിനകത്തു കൂടെ ഉള്ള റോഡുകൾ


ഞങ്ങളുടെ വാഹനം


പാർക്കിനകത്തു താമസിക്കുന്ന ഏതോ ഒരു സായിപ്പിന്റേതാവാം ഇത്‌


തണുത്തു മരവിച്ച വെള്ളത്തിൽ കുളികഴിഞ്ഞ്‌


സ്ലൈഡ്‌ മൗണ്ടൻ ബേസ്‌ ക്യാമ്പ്‌


ഇനി 2 മൈൽ (4 കി. മി.) ചെങ്കുത്തായുള്ള കയറ്റമാണ്‌. ഈ ദൂരം കൊണ്ട്‌ ഏതാണ്ട്‌ 2000 അടി ഉയരം താണ്ടണം. വഴി നിറയെ കല്ലും മുള്ളും ഒക്കെയാണ്‌, കൂടാതെ കരടി, കയോട്ടി തുടങ്ങിയ വന്യജീവികളും കൊതുക്‌, അട്ട തുടങ്ങിയ പരാദങ്ങളുമെല്ലാം ഉണ്ട്‌. വഴിയിൽ ചിലയിടത്തെല്ലാം വഴി രേഖപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ ഒരു ധൈര്യത്തിനു വേണ്ടി കയ്യിലുണ്ടായിരുന്നു ജി. പി. എസ്സ്‌. ഫോണിൽ (iPhone) പോകുന്ന വഴിയെല്ലാം രേഖപ്പെടുത്തുന്നുമുണ്ടായിരുന്നു. വഴിയിലെല്ലാം വിശ്രമിച്ച്‌ വളരെ സാവധാനമായിരുന്നു ഞങ്ങൾ മലകയറിയത്‌. മഴ വന്നും പോയും കൊണ്ടിരുന്നു. അതൊന്നും കാര്യമാക്കാതെ മുകളിൽ ഞങ്ങളെയും കാത്തിരിക്കുന്ന അത്ഭുതങ്ങൾ എന്തൊക്കെയാവുമെന്ന് മനസ്സിൽ സങ്കൽപ്പിച്ച്‌ ദുർഘടമായ വഴികളിലൂടെ യാത്ര തുടര്ർന്നു. ചില സ്ഥലങ്ങൾ വളരെ അപകടം പിടിച്ചതാണ്‌, അടിയൊന്നു തെറ്റിയാൽ അല്ലെങ്കിൽ കയ്യൊന്നു വിട്ടുപോയാൽ ചെന്നു വീഴുന്നത്‌ അഗാധമായ കൊക്കയിൽ ആണ്‌.

ഇങ്ങനെയും ഫോട്ടോ എടുക്കാം


അതി സാഹസികമായ്‌ എടുത്ത ഒരു പടം


വഴിയിൽ കണ്ട ദിശാ സൂചിക


iPhone വഴികാട്ടി


മരത്തിനു മുകളിൽ നോക്കൂ


ദുർഘടമായ വഴികളിലൂടെ


എന്റെ സഹോദരൻ രാഹുൽ


വിയർത്ത ശരീരത്തിൽ കറ്റുകൊള്ളുന്ന സുഖം ഒന്നു വേറെ തന്നെ


മലമുകളിൽ കണ്ട ഒരു മാൻ


ഇതെങ്ങനെ ഇറങ്ങും


വനത്തിൽ അവിടവിടെയായ്‌ കണ്ട നീരുറവകൾ


അവസാന കല്ലും വച്ചു - കീഴടക്കി


ന്യൂ യോർക്ക്‌ സ്റ്റേറ്റിൽ ഏറ്റവും ഉയരം കൂടിയ സ്ഥലം


:)


എനിക്ക്‌ ആകെ ലഭിച്ച ഒരേ ഒരു വ്യക്തമായ ചിത്രം (മഴമേഘങ്ങൾ കട്ടപിടിക്കുന്നതിനു തൊട്ടു മുൻപ്‌)


മലമുകളിൽ കണ്ട ബാൾസം ഫിർ എന്നറിയപ്പെടുന്ന ക്രിസ്മസ്സ്‌ മരം


കിളികളുടേ മനോഹര ഗാനങ്ങളും പേടിപ്പെടുത്തുന്ന മുറുമുറുപ്പുകളും കാറ്റിന്റെ മർമ്മരവും എല്ലാം കേട്ട്‌ നീണ്ട രണ്ടു മണിക്കൂറുകൾക്ക്‌ ശേഷം ഞങ്ങൾ സ്ലൈഡ്‌ പർവ്വതത്തിന്റെ നെറുകയിൽ ചെന്നെത്തി. പർവ്വതത്തിന്റെ അടിവാരം മുതൽ ഏതാണ്ട്‌ 1500 അടി ഉയരം വരെ പലതരം മേപ്പിൾ മരങ്ങളും കുറ്റിക്കാടുമൊക്കെ ഉണ്ടെങ്കിലും മുകളിൽ ബാൾസം ഫിർ എന്നറിയപ്പെടുന്ന ക്രിസ്മസ്സ്‌ മരം മാത്രമേ ഉള്ളു. തണുപ്പുകാലത്ത്‌ കനത്ത മഞ്ഞു വീഴ്ച്ചയെ അതിജീവിക്കാൻ പ്രകൃതി കണ്ടെത്തിയ വഴി. അമേരിക്കയിൽ അപ്പോൾ വേനൽ കാലം ആയതിനാൽ യാത്രയിലുടനീളം കാര്യമായ തണുപ്പ്‌ ഉണ്ടായിരുന്നില്ല പക്ഷെ മുകളിൽ അസഹനീയമല്ലെങ്കിലും സാമാന്യം നല്ല തണുപ്പ്‌ ആയിരുന്നു. മഴമേഘങ്ങൽ ചുറ്റുമുള്ള കാഴ്ചകളെ മറച്ചുപിടിക്കുന്ന കാഴ്ച്ചയായിരുന്നു കൊടുമുടിക്കുമുകളിൽ ഞങ്ങളെ വരവേറ്റത്‌. ചെറിയൊരു നിരാശ തോന്നിയെങ്കിലും അതി സാഹസികമായ്‌ ചെറുതാണെങ്കിലും ഒരു പർവ്വതം കീഴടക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസമായിരുന്നു മനസ്സിൽ. അവിടെ ഏറ്റവും ഉയരത്തിൽ ചെന്നെത്തുന്നവർ കൊച്ചു കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായ്‌ വച്ച്‌ ഒരു കുഞ്ഞു കൽ പർവ്വതം ഉണ്ടാക്കിയേ തിരിച്ചു പോരാറുള്ളുവത്രെ. ഞങ്ങളും അതേ പോലെ ഒന്ന് പണിത്‌ മടക്കയാത്ര ആരംഭിച്ചു.

എന്നത്തെയും പോലെ ഈ മടക്കയാത്രയിലും "ഇനി എങ്ങോട്ട്‌" എന്ന ചിന്തയായിരുന്നു മനസ്സിൽ.

കയ്യിലുണ്ടായിരുന്ന GPS ഫോണിൽ റിക്ക‍ാർഡ്‌ ചെയ്യപ്പെട്ട വഴി.


View Mt. Slide Hike in a larger map

----------------------------------------------------------------------------------------------------------

യാത്രയിൽ ഇതുവരെ -

ഇന്ത്യ
യു എസ്സ്‌ എ
കോസ്റ്റ റിക്ക
കാനഡ
ഹോങ്കോങ്ങ്‌
ജപ്പാൻ